Tuesday, June 12, 2012

സദാചാരം

ആരാടാ ഇവിടെ സദാചാര പോലീസ്? ആണും പെണ്ണും സീറ്റില്‍ ഒരുമിച്ചിരിക്കാത്ത ചുരുക്കം സ്ഥലങ്ങളില്‍ ഒന്നാണ് കേരളം എന്ന അവസ്ഥയില്‍ നിന്നും ഒരുമിച്ചു പുറത്തിറങ്ങാത്ത സ്ഥലം എന്ന ദുരിതത്തിലേക്ക് നാം എത്തിയോ? ഒരാള്‍ പട്ടിണി കിടക്കുമ്പോള്‍ പോലും ഒരു സഹായവും ചെയ്യാത്ത ഒരാള്‍ക്ക്‌ അവരുടെ ജീവിതത്തില്‍ ഇടപെടാന്‍ എന്തവകാശം? പരിഷ്കൃത സമൂഹത്തില്‍ സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവര്ക്കും ഇടപെടാനും ജോലി ചെയ്യാനും ആശയവിനിമയം നടത്താനും സാഹചര്യം ഉള്ളപ്പോള്‍ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് നടക്കുന്നതോ യാത്ര ചെയ്യുന്നതോ പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുന്നതോ സര്‍വ്വ സാധാരണമാണ്. പല റിയാലിറ്റി ഡാന്‍സ് ഷോകളിലും ചെറിയ കുട്ടികളുടെ  പോലും അശ്ലീലച്ചുവയുള്ള മൂവ്മെന്റ്സ് കണ്ടു തൃപ്തിയടയുന്ന മലയാളിക്ക് ആ പരിപാടി കാണണ്ട എന്ന് പോലും തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല.. കരീന കപൂറും മല്ലിക ഷെരാവത്തും മാത്രം ഇട്ടു കണ്ടിട്ടുള്ള ഡ്രസ്സ്‌ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ വാങ്ങിക്കൊടുക്കുമ്പോ അതില്‍ ഒരു കുഴപ്പവും നമുക്ക് കാണാന്‍ കഴിയുന്നില്ല.. കോമഡി എന്ന പേരില്‍ കൂട്ടത്തില്‍ തെറികളും  ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും കുടുംബത്തില്‍ കണ്ടിരുന്നാല്‍  കുഴപ്പമില്ല.. ഇങ്ങനെയുള്ള മലയാളിക്ക് ഒരു ആണും പെണ്ണും ഒരുമിച്ചു കുറച്ചു സമയം ചെലവഴിച്ചാല്‍ എന്തിനാ സങ്കടം? ആ സങ്കടം വലുതായി സമാന സങ്കടക്കാരെകൂട്ടി അവരെ ചോദ്യം ചെയ്യുകയായി.. ഇത്തരം കാര്യങ്ങളില്‍ നിയമം കൈയിലെടുത്തു അവരെ തടഞ്ഞുവെച്ച് മര്‍ദിക്കാന്‍ ആരാണ് ഇവര്‍ക്ക് ധൈര്യം നല്‍കിയത്? അത് ചോദ്യം ചെയ്യാന്‍ ഇവിടെ നിയമം ഇല്ലേ? നിയമവാഴ്ച ഉള്ള ഒരു രാജ്യത്ത് പൊതുജനം ഇനി എന്ത് വിശ്വസിച്ചു ജീവിക്കണം?