Thursday, June 21, 2012

സോമാലിയ

                            ഇന്നലെ ആശുപത്രിയില്‍ പോയി മടങ്ങുമ്പോള്‍ അവിടെ നിന്ന് ഒരു ടാക്സിക്ക് കൈ കാണിച്ചു കയറി. കയറിയ പാടെ ഡ്രൈവര്‍ സലാം പറഞ്ഞു.  പോകേണ്ട സ്ഥലം പറഞ്ഞുകൊടുത്തു.  കാറോടിക്കുമ്പോള്‍,  വഴിയില്‍ ഞങ്ങളെ  പോയ  ഒന്ന് രണ്ടു വാഹനങ്ങളെക്കുറിച്ചു ആ ചെറുപ്പക്കാരന്‍ ചില ആത്മഗതങ്ങള്‍ നടത്തി. ഇടയ്ക്കു എന്‍റെ  മുഖത്ത് നോക്കുന്നുമുണ്ടായിരുന്നു. സാധാരണ അപരിചിതര്‍ എന്നോട് സംസാരിക്കുന്നത് എനിക്ക് അത്രയ്ക്കങ്ങ് ഇഷ്ടമുള്ള കാര്യമല്ല. എന്നാല്‍ ഈ പയ്യന്‍റെ മുഖത്തെ ഒരു ചെറിയ കുസൃതി, എന്നെ റൊബീഞ്ഞോയെ ഓര്‍മിപ്പിച്ചു. സംസാരിക്കുന്നതില്‍ എനിക്ക് വിരോധമില്ല എന്ന് കണ്ടിട്ടാവാം, അവന്‍ തുടര്‍ന്നു. എന്നോട്  ശ്രീലങ്കക്കാരനാണോ എന്ന് ചോദിച്ചു. അല്ലെന്നു പറഞ്ഞപ്പോ മലയാളിയാണോ എന്നായി. അതെ എന്ന് കേട്ടപ്പോള്‍ അയാള്‍  കാറിലെ റേഡിയോ  ഏഷ്യാനെറ്റ്‌ എഫ്എം ചാനലിലേക്ക് തിരിച്ചു, കൂടുതല്‍ സംസാരിച്ചു തുടങ്ങി. ഒരു സാധാരണ ടാക്സി ഡ്രൈവര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഭംഗിയായി ആ ചെറുപ്പക്കാരന്‍ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ അയാള്‍ പൂര്‍ണമായും റോഡില്‍ നോക്കിതന്നെയാണ്  കാറോടിച്ചിരുന്നത്.
                                       ഞാന്‍ ഒന്നും പറയേണ്ടതില്ലായിരുന്നു... താമസത്തിനും ഭക്ഷണത്തിനും വല്ലാത്ത ചെലവാണെന്നും ഇവിടെ നിന്ന് പോകാന്‍ ആഗ്രഹിക്കുന്നു എന്നും അയാള്‍ പറഞ്ഞു. എത്തിയോപിയ എന്ന രാജ്യത്തേക്ക് പോകണം, നല്ല രാജ്യമാണത്രേ.  ഇടയ്ക്കു ഒരു പോക്കറ്റ്‌ റോഡില്‍ നിന്നും സിഗ്നല്‍ കൂടാതെ കയറിവന്ന കാര്‍ കണ്ട്,  അതിലെ ഡ്രൈവര്‍ക്ക് നല്‍കേണ്ട ഉപദേശം എനിക്ക് തന്നു. നമ്മള്‍ കുറേക്കൂടി ശ്രദ്ധിച്ചേ വാഹനം ഓടിക്കാവൂ, ഏതെങ്കിലും രീതിയില്‍ ഒരു അപകടം ഉണ്ടായാല്‍ ജീവിതം വഴിമുട്ടി പോവുമെന്നും വീട്ടുകാരെ സംരക്ഷിക്കാന്‍ കഴിയാതെ കഷ്ടപ്പെടേണ്ടി വരുമെന്നും...
                                              ഞാന്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണോ എന്ന് ചോദിച്ചു. അല്ലെന്നു പറഞ്ഞ എന്നോട് ബ്ലഡ്‌ ടെസ്റ്റ്‌ നു  സാമ്പിള്‍ നല്‍കിയയിടത്തു കൈയില്‍ പ്ലാസ്റ്റ്ര്‍ കണ്ട്  എന്താണ് അസുഖം എന്ന് ചോദിച്ചു. സാധാരണ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി എന്‍റെ കണ്ണുകള്‍ തന്നെ പറയും, ആ അവജ്ഞയും നീരസവും കണ്ടാല്‍ അതോടെ ചോദ്യങ്ങള്‍ തീരുകയും ചെയ്യും. എന്നാല്‍ ഈ പയ്യന്‍റെ  ചോദ്യങ്ങളെ എന്‍റെ കണ്ണുകള്‍ ചെറുചിരിയോടെ തന്നെയാണ് എതിരേറ്റത്.. എനിക്ക് ഒരാഴ്ചയായി രാത്രി പനിവരുന്ന കാര്യം പറഞ്ഞു. അത് പറയുമ്പോള്‍, ഇതിനു മുന്‍പ് ഇത്തരം സാഹചര്യങ്ങളില്‍ ഒരുപാട് പേരോട് ഞാന്‍ നീട്ടിയ ആ നീരസമാര്‍ന്ന നോട്ടം എന്തിനായിരുന്നു എന്നോര്‍ത്തു,  ഒരാളെ കളിയാക്കിയത് ഓര്‍ത്തു, ഒരാളോട് കയര്‍ത്തത്  ഓര്‍ത്തു.. അവരുടെ മുഖത്ത് ഈ പയ്യനില്‍ കാണുന്ന പ്രസാദമാര്‍ന്ന ചിരി ഞാന്‍ കാണാതെ പോയതാവുമോ? അതോ പ്രായം കൂടുമ്പോള്‍ ഏതു നിരീശ്വരവാദിയും നേരിടുന്ന സത്യങ്ങള്‍ ഞാനും കണ്ടുതുടങ്ങുന്നുവോ? ഈ രാജ്യത്തെ ഹോസ്പിററലുകളില്‍ മികച്ച ചികിത്സ കിട്ടുന്നുണ്ടെന്നും രോഗിയെ എത്തിച്ചു കൊടുത്താല്‍ പിന്നെ ഒന്നും പേടിക്കാനില്ലെന്നും അവനില്‍ നിന്നും ഞാന്‍ കേട്ടുമനസ്സിലാക്കി. എന്‍റെ ജോലി സ്ഥലത്ത് എനിക്ക് ലീവ് കിട്ടിയോ എന്നും, രണ്ടു ദിവസം കൂടി റസ്റ്റ്‌ എടുത്തിട്ട് ജോലിക്ക് പോയാല്‍ മതിയെന്നും  പറഞ്ഞു. കാറിന്‍റെ  എ സി കുറയ്ക്കണോ എന്ന് ചോദിച്ചു..
                                               ഞാന്‍ അവനെത്തന്നെ നോക്കുകയായിരുന്നു. എന്നെ ജീവിതത്തില്‍ ഇതിനു മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത, ഇനി ചിലപ്പോള്‍ ഒരിക്കലും കാണാന്‍ സാധ്യത ഇല്ലാത്ത  ഈ ചെറുപ്പക്കാരന്‍, അതും ഒരു ടാക്സി ഡ്രൈവര്‍ എന്നെ കെയര്‍ ചെയ്യേണ്ട കാര്യമെന്താണ്?  ഒരു ചെറിയ അത്ഭുതത്തോടെ ഓര്‍ത്തു എന്നല്ലാതെ അത് പ്രകടിപ്പിച്ചില്ല. നാട്ടിലുള്ളപ്പോള്‍  ഞാന്‍ നേരിട്ട ചില സാഹചര്യങ്ങള്‍ എനിക്ക് ഓര്‍മ്മ വന്നു... പ്രായമേറിയവര്‍ പോലും," മാഷേ, ഓര്‍ക്കുന്നില്ലേ? നിഷയുടെ ഫാദറാണ്",  "അന്ന് വ്യാസ വിദ്യാ സ്കൂളിലെ ഓറിയന്‍റെഷന്‍ ക്ലാസ്സിനു പരിചയപ്പെട്ടിരുന്നു" എന്നൊക്കെ പറഞ്ഞു മുന്നില്‍ വന്നപ്പോള്‍ ഒരു ചളുപ്പും കൂടാതെ മുഖത്ത് നോക്കി    "ഓര്‍ക്കുന്നില്ല" എന്ന് പറഞ്ഞിട്ടുണ്ട്. ഒന്ന് ഫോണ്‍ ചെയ്തു പറഞ്ഞാല്‍ മുന്നില്‍ നിന്നിരുന്ന ശങ്കരന്‍റെ   മകന് ഒരു കിടക്ക നിര്‍മ്മാണ കമ്പനിയില്‍ ജോലി കിട്ടുമായിരുന്നു, ചെയ്തില്ല. അക്കാദമിയിലേക്കുള്ള അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത് എന്‍റെ ഒറിജിനല്‍ പേരായത് കൊണ്ട് മനസ്സിലായില്ല, നാട്ടിലെ വിളിപ്പേരായിരുന്നെങ്കില്‍ ആ സീറ്റ്‌ ഞങ്ങള്‍ മാഷിനു തന്നേനെ എന്ന് അക്കാദമിക്കാര്‍ പറഞ്ഞപ്പോള്‍ , അങ്ങനെ വേണ്ടാത്തത് കൊണ്ടാണെന്ന് മറുപടി പറഞ്ഞു...  അങ്ങനെ ഒരു ലേബലും ഈ ആഫ്രിക്കന്‍ ഡ്രൈവറുടെ മുന്നില്‍ എനിക്ക് ഇല്ല. എന്നിട്ടും...? അതോ ഇനി ഞാനറിയാതെ എന്‍റെ ഏതെങ്കിലും പ്രബന്ധങ്ങള്‍ ആഫ്രിക്കയില്‍ ആരെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ? എന്തായിരുന്നാലും, ഞാന്‍ അയാളുടെ പേര് ചോദിച്ചു. മനസ്സിലായില്ല, വീണ്ടും ചോദിച്ചു. വീണ്ടും.. എന്നിട്ടും പേര് മനസ്സിലായില്ല. ഞാന്‍ ചോദ്യം നിറുത്തി. തല്‍കാലം നമുക്ക് അവനെ മുഹമ്മദ്‌ എന്ന് വിളിക്കാം. മുഹമ്മദ്‌ ഏതു രാജ്യക്കാരനാണെന്ന് ചോദിച്ചു. അഭിമാനത്തോടെ, സന്തോഷത്തോടെ എന്‍റെ മുഖത്ത് നോക്കി അവന്‍ പറഞ്ഞു, സോമാലിയ എന്ന്!


                                                                                                                         
                                                                                                                                          

No comments: